ഈ നിധി സമര്‍പ്പിക്കപ്പെട്ടതു സംബന്ധിച്ച പ്രധാനകാര്യം തര്‍ക്കിക്കുന്നവര്‍ വിസ്മരിക്കുന്നു. അവയെല്ലാം ഭക്തി പൂര്‍വം ശ്രീപത്മനാഭന് കാണിക്കയര്‍പ്പിക്കപ്പെട്ടവയാണ്. ഭഗവാനാണ് ക്ഷേത്രത്തിനല്ല നിധി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നതിന് രാജ്യത്താകമാനം ആയിരക്കണക്കിന് ശാസനകളും രേഖകളും പൗരാണിക കാലം മുതല്‍ ഈയടുത്ത കാലംവരെ തെളിവ് നല്‍കുന്നു. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലഘട്ടംവരെയുള്ള സമര്‍പ്പണങ്ങള്‍ ദേവന്റെ പേരിലാണെന്ന് കാണാം.
മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലേയോ പല്ലവശാസനകളില്‍ കാണിക്കകള്‍ ഭഗവാന് ഭക്ത്യാദരപൂര്‍വം നല്‍കുന്നതായി പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടുമുതല്‍ ദേവീദേവന്മാര്‍ക്ക് സമര്‍പ്പണം നടത്തുന്നതായി കേരളീയ രേഖകളുമുണ്ട്.
സര്‍വവ്യാപിയായി സര്‍വശക്തനായ ഈശ്വരനെ ഒരു സ്ഥലത്തുമാത്രം സ്ഥിതിചെയ്യുന്നതായി സങ്കല്‍പ്പിക്കാമോ എന്നതാണ് സങ്കീര്‍ണമായ മറ്റൊരു ചോദ്യം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് സമ്പത്ത് കൈവശം വെക്കാനാകുമോ? ഇത്തരം സമസ്യകള്‍ക്ക് ദൈവം തന്റെ പ്രതിനിധികളിലൂടെ പ്രവര്‍ത്തിക്കുന്നു എന്ന നിലപാടാണ് പഴമക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് കാണാം. ശിവക്ഷേത്രങ്ങളില്‍ ഇടപാടുകള്‍ ചണ്ഡികേശ്വരന്റെ പേരിലും വിഷ്ണുക്ഷേത്രങ്ങളില്‍ അത് വിഷ്വക്സേനന്റെ പേരിലും ആയിരുന്നുവെന്ന് കാണാം.
ബ്രിട്ടീഷ് ഭരണകാലത്ത് പതിനെട്ടും ഇരുപതും നൂറ്റാണ്ടുകളില്‍ ഈ ചോദ്യം പല കോടതികളിലും ഉയര്‍ന്നിട്ടുണ്ട്. നിയമപ്രകാരം നിലനില്‍ക്കുന്ന ഒരു ശക്തിയായിട്ടാണ് എല്ലാ കേസുകളിലും കോടതി ഭഗവാനെ കണക്കാക്കിയിട്ടുള്ളതെന്ന് കാണാം. ലണ്ടനിലെ നടരാജ വിഗ്രഹത്തെ സംബന്ധിച്ച കേസാണ് ഇത്തരത്തില്‍ ഏറ്റവും അവസാനമുണ്ടായത്. ദൈവം ഒരു നിയമപരമായ സാന്നിദ്ധ്യമായി പാശ്ചാത്യര്‍ കരുതുന്നില്ലെങ്കിലും ഇന്ത്യയിലും ഏഷ്യന്‍ രാജ്യങ്ങളിലും ഈ സങ്കല്‍പ്പം നിലനില്‍ക്കുന്നതായി ലണ്ടന്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പറ്റൂരിലെ ചോളരാജാക്കന്മാര്‍ നിര്‍മിച്ച ക്ഷേത്രത്തിന്റെ ഒരു കല്ലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ക്ഷേത്രം നിയമപരമായി നിലനില്‍ക്കുന്നതിനാല്‍ നടരാജ വിഗ്രഹം അവിടേക്ക് തിരിച്ചു നല്‍കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഇത്തരം കേസുകളുടെ വിധിന്യായങ്ങളിലൂടെ കടന്നുപോയതിനുശേഷമാണ് ലണ്ടനിലെ ജഡ്ജി അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. പ്രചീനമായ ഹിന്ദുധര്‍മശാസ്ത്രപ്രകാരം നിയമപരമായി സമ്പാദിച്ചതല്ലാത്ത ഒന്നും പാരിതോഷികമായി നല്‍കാന്‍ കഴിയില്ല. (പ്രാചീന ഭാരതീയ നിയമപ്രകാരം അന്യായമായ പണം സ്വീകരിക്കുകയോ അതിന് ആത്മീയമൂല്യമുണ്ടെന്ന് കരുതുകയോ ചെയ്യാറില്ല) ഇത്തരം പാരിതോഷികങ്ങള്‍ ദാനം എന്ന വിഭാഗത്തില്‍പ്പെടും. ദാനം ചെയ്യുന്നവന്‍ സമ്പത്തോ വസ്തുവകകളോ നല്‍കുമ്പോള്‍ അത് സ്വീകരിക്കുന്ന ആളിന്റെ കൈകളില്‍ വെള്ളമൊഴിച്ച് വസ്തുവിലുള്ള തന്റെ അവകാശത്തെ അസാധുവാക്കുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1111 എ.ഡിയില്‍ കുലോത്തുംഗ ചോളരാജാവ് ഒന്നാമന്‍ കാഞ്ചിപുരത്തെ ഉരഹം ക്ഷേത്രത്തില്‍ പത്നീസമേതനായി സന്ദര്‍ശനം നടത്തുകയും രാജ്ഞി ദേവിക്ക് ഒരു സ്വര്‍ണപ്പാത്രം നിറയെ ജലവും രാജാവ് വസ്തുവകകളും സമ്മാനിക്കവെ വിഗ്രഹത്തിന്റെ കൈകളില്‍ ജലാഭിഷേകം നടത്തിയതായി ലിഖിതമുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പണവും രത്നങ്ങളും ഭക്തിപൂര്‍വം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ കുടുംബത്തിനും പൊതുജനങ്ങള്‍ക്കും സമ്പല്‍സമൃദ്ധി കൈവരുത്തണേ എന്ന പ്രാര്‍ത്ഥനകൂടി ഉണ്ടായിരുന്നു.
ചരിത്രമറിയാത്ത, ആധുനിക കാലഘട്ടത്തിലെ ചരിത്രപരമായ സ്ഥിതിവിവരക്കണക്കുകള്‍ പിടിയില്ലാത്ത ആധുനികനായ പ്രൊഫസറുടെ അഭിപ്രായപ്രകാരം യുദ്ധത്തില്‍ കൊള്ളയടിച്ചാണ് രാജാക്കന്മാര്‍ സ്വത്ത് സമ്പാദിച്ചത്. ഹിന്ദുരാജധര്‍മപ്രകാരം യുദ്ധത്തില്‍ വിലപിടിപ്പുള്ളവ കൈവശപ്പെടുത്താനും അത് തന്റെ നിയമപരമായ സ്വത്താക്കാനും രാജാവിന് അധികാരമുണ്ട്.
ഇത് തിരുവിതാംകൂറിലെ നിധിക്ക് ബാധകമാവുന്നില്ല. അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും ജീവിക്കുന്ന ഓര്‍മകളുമുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കുന്ന നിധിയുടെ അവകാശി തീര്‍ച്ചയായും ശ്രീപത്മനാഭന്‍ തന്നെയാണ്. നിധി പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് മറ്റൊരഭിപ്രായം. ഇതേ ചോദ്യം ഞാന്‍ സാക്ഷിയായി ഹാജരാകവേ ലണ്ടന്‍ ഹൈക്കോടതിയിലും ഉയര്‍ന്നുവന്നതാണ്. ഈ വിഗ്രഹം തിരിച്ചുതന്നാല്‍ അത് കേന്ദ്രത്തിലോ മ്യൂസിയത്തിലോ വക്കുക എന്നതിന് ഒരു ഹിന്ദുവായിട്ടല്ല പുരാവസ്തു വിദഗ്ദ്ധനായി അഭിപ്രായം പറയാനാണ് ജഡ്ജി എന്നോടാവശ്യപ്പെട്ടത്.
ഇത് സമ്മാനിച്ച വ്യക്തി നടരാജവിഗ്രഹത്തെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും അത് പല മതപരമായ ചടങ്ങുകളോടുകൂടിയ ഭക്തിപുരസ്സരമായ സമര്‍പ്പണമാണെന്നും ഈ വിഗ്രഹത്തെ നൃത്ത സംഗീതവും തുടങ്ങി മറ്റു പലതിന്റേയും ആധാരശിലയാക്കാമെന്നുമായിരുന്നു എന്റെ മറുപടി.
എന്റെ അഭിപ്രായങ്ങളെ വിധിന്യായത്തില്‍ എടുത്തു പറഞ്ഞുകൊണ്ട് ലണ്ടനിലെ ജഡ്ജി നടരാജവിഗ്രഹം ക്ഷേത്രത്തിന് നല്‍കാന്‍ ഉത്തരവിട്ടു. അങ്ങനെ ഒരു വിദേശ കോടതി ശാസ്ത്രീയമായി ഭക്തിയേയും ആരാധനയേയും കണക്കിലെടുത്തുവെങ്കില്‍ സ്വന്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ചരിത്രകാരന്മാര്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത നമുക്കില്ല. അമൂല്യവസ്തുക്കള്‍ ഇന്ത്യയിലെ മ്യൂസിയങ്ങളില്‍ പാഴ്‌വസ്തുക്കള്‍ പോലെ കൂട്ടിയിട്ടിരിക്കുന്നുവെന്നത് നാം മറന്നുകൂടാ. ആരാണ് ഈ നിധി കൈകാര്യം ചെയ്യേണ്ടത് എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നു. തീര്‍ച്ചയായും അത് സംസ്ഥാനമല്ല. ഒന്നാമതായി സംസ്ഥാന ഭരണം മതേതരമാണ്. പഴയകാലത്തെ അമൂല്യവസ്തുക്കള്‍ക്ക് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എന്തു സംഭവിച്ചു എന്നു നമുക്കറിയാം. ആയതിനാല്‍ നിയമപരമായ സാധുതയുള്ള ട്രസ്റ്റിമാരെ അതേല്‍പ്പിക്കാവുന്നതാണ്. നൂറ്റാണ്ടുകളായി പത്മനാഭദാസന്മാരായ രാജകുടുംബത്തെ ആവശ്യമായ മുന്‍കരുതലുകളോടെ മുഖ്യ ട്രസ്റ്റികളായി തുടരാനനുവദിക്കാവുന്നതാണ്. ഇപ്പോഴത്തെ സ്ഥിതി തുടരുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും എന്താണ് ചെയ്യേണ്ടതെന്ന പണ്ഡിതരായ സുപ്രീംകോടതി ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് സന്തോഷം പകരുന്നു. ധനത്തിന്റെ മൂല്യമല്ല കേരളത്തിന്റെ മഹത്വമാണ് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത്.
(തമിഴ്‌നാട് പുരാവസ്തുവകുപ്പിലെ
മുന്‍ ഡയറക്ടറാണ് ലേഖകന്‍)
No comments:
Post a Comment